PS-1

പൊന്നിനദിയുടെ തീരങ്ങളിൽ തട്ടി തിരികെ പോകുന്ന ഓളങ്ങളിലേക്ക് ഒന്ന് കാതോർത്താൽ സെന്തമിഴിൽ പാടി തീർത്തൊരു സംഗീതം കേൾക്കാം. പാണനു പകരം ആ ഓളങ്ങൾ പാടിയ ചോളരുടെ ചരിതം. അധികാരത്തിന്റെ ലഹരി കൊടുത്ത മത്തിൽ ആടി തിമിർത്തവർ, ചോരക്കൊണ്ട് ചോളസാമ്രാജ്യത്തിന്റെ അതിരുകൾ വരച്ചവർ, ജീവൻ കൊടുത്തവർ, ജീവൻ എടുത്തവർ അങ്ങനെ അമർത്യരായവരുടെ ജീവനുകൾ കൊണ്ട് ആഴ്‌നിറങ്ങിയെങ്കിലും തലയറ്റു വീണ ഒരു സാമ്രാജ്യത്തിന്റ എഴുത്തപ്പെട്ട കാവ്യം. പിടിച്ചെടുത്ത നാട്ടുരാജ്യങ്ങളോ അരിഞ്ഞു വീഴ്ത്തിയ ശത്രുവിന്റെ ശിരസുകളോ പറഞ്ഞു പഴക്കം തേടുന്ന കഥകൾ അല്ല, പ്രണയവും ചതിയും അധികാരദാഹവും ഇഴച്ചേർന്നു ഒഴുകുമ്പോൾ ജീവൻ വയ്ക്കുന്ന, യുദ്ധത്തേക്കാൾ വലിയ സംഘർഷങ്ങളുമായി തന്നിലേക്ക് ചുരുങ്ങുന്ന കുറച്ചു മനുഷ്യരുടെ കഥയാണിത്. നിഴലിനെ പോലും ഭയന്ന് തുടങ്ങുമ്പോൾ അരങ്ങിൽ വ്യാപിക്കുന്ന കൂരിരുട്ടിന്റെ പ്രതിഭലനം പൊന്നിയൻ സെൽവനിൽ എപ്പോഴും കാണാം . പകൽ വെളിച്ചങ്ങളിൽ കരുത്തുകൊണ്ട് ചെയ്ത യുദ്ധങ്ങൾ വിരസതയാവുമ്പോൾ മഹാസൗദങ്ങളുടെ ഇരുൾമുറികളിൽ, മണിയറകളുടെ രഹസ്യവാതിലുകളിൽ ഒന്ന് കാത് കൊടുത്താൽ മതി, കണ്ണുനീർ വിഷമായി മാറുന്ന, ആ വിഷം പകർന്നു നൽകുന്ന മന്ത്രം കേൾക്കാം. അതിനൊപ്പം കളിതോഴാനായ വിധിയുടെ വിദ്യകൾ കൂടി ആവുമ്പോൾ മോഹങ്ങളുടെ ചതുരംഘകളിക്ക് PS-1 അരങ്ങു കെട്ടി കഴിഞ്ഞു.

കല്പിതകഥയോട് എത്രത്തോളം അടുത്തു നില്കുന്നു മനിരത്നം ശ്രെഷ്ടി എന്നത് അറിയില്ല എങ്കിലും അയാൾ ഒരു മികവുറ്റ കാവ്യാമാണ് ശ്രെഷ്ടിച്ചിരിക്കുന്നത്. കാഴ്ചകൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും കഥകൾ കൊണ്ടും കഥ പറയുന്ന ഒരു കലാശ്രീഷ്ടി. തന്റെ കഥാപാത്രങ്ങൾ അവർ എത്ര ചെറുത് ആയാലും എവിടെ എന്തൊക്കെ ആയി തീരണം എന്നാ സംവിധായകന്റെ വ്യക്തമായ ധാരണ ആണ് ഈ സിനിമയുടെ ഭംഗി. യുദ്ധകളത്തിൽ ഉള്ള സംഘർഷങ്ങളെകാൾ സങ്കീർണമായ ഉള്ളിലെ സംഘർഷങ്ങൾകാണ് PS-1 പ്രാമുഖ്യം കൊടുക്കുന്നത്. ഈ ചിത്രം അപൂർണമാണെങ്കിലും ചോളരുടെ ലോകവും തന്ത്രങ്ങളും കുതന്ത്രങ്ങളും പേറി ജന്മം കൊണ്ട കഥാപാത്രങ്ങളും അവരുടെ ഇടയിൽ എരിഞ്ഞു തുടങ്ങുന്ന തീയും അടുത്ത അധ്യായതിന്റെ പ്രതീക്ഷകൾ ആണ്. ചോളസാമ്രാജ്യത്തിലേക്കുള്ള ക്ഷണമാണ് ഈ ചിത്രമെന്നത് കൊണ്ട് ചോളരെയും നന്ദിനിയെയും അറിഞ്ഞു കഴിഞ്ഞു വളരെ ഭംഗി ആയിതന്നെ , ഇനി അവർക്കുള്ളിൽ ആളുന്ന അഗ്നി ആണ് അരങ്ങിലേക്ക്, കത്തി ജ്വലിച് എരിഞ്ഞടങ്ങാനായി..