Rorschach

വെളുത്ത ക്യാൻവാസിൽ പടർന്ന കറുപ്പായിരുന്നു ആ ഗ്രാമത്തിലെ കഥാപാത്രങ്ങൾ. ആദ്യ കാഴ്ച്ചയിൽ ലളിതമായി,കാണും തോറും സങ്കീർണമായി മാറുന്ന inkblots. കാട് കയറി അവിടേക്ക് എത്തുമ്പോൾ ഭ്രാന്തമായ തന്റെ ലോകവുമായി ഏറെ സാമ്യതകൾ തോന്നി ലൂക് ആന്റണിക്ക്. അയാളുടെ ലോകം, അത് അയാളുടെ ഭ്രാന്തിന്റെ ലഹരി നിർമിച്ചതാണ്. മരിച്ചതും ജീവിക്കുന്നതുമായ ഓർമകളെ കുഴിച്ചിട്ട് നിറങ്ങളുടെ ആഭാവത്തിൽ അയാൾ അകപ്പെട്ടു പോയൊരു ഭ്രാന്തലയം ആണ് ആ ലോകം. പ്രതികാരതിനേക്കാൾ അയാൾ ആസ്വദിച്ചത്, ചേർത്ത് പിടിച്ചത് ആ ഭ്രാന്തിനെ ആണ്. ആ കറുപ്പ് ആ താഴ്വരയുടെ പകലിനെ പോലും മൂടി തുടങ്ങിയിരുന്നു, നിശീതമായ ആ ഇരുട്ടിൽ ഭ്രാന്തമായ ചില അലർച്ചകൾ മിന്നി മറഞ്ഞു. ലൂക് അയാളുടെ കാഴ്ചകൾക് ചോര മണക്കുന്ന ഒരു ചിരി സമ്മാനിച്ചു അവിടെത്തന്നെ ഇരുന്നു. വെളിച്ചം ചെല്ലാത്ത ആ ശൂന്യമായ മുറിക്ക് അയാളോട് ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു, അയാൾ ഏറെ നാൾ കാത്തിരുന്ന ഒരു ശബ്ദം കേൾപ്പിക്കാൻ ഉണ്ടായിരുന്നു.

കഥകളിലൂടെ അല്ല, കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കണം, അവരുടെ അസാധാരണമായ ചിന്തകളിലേക്ക് അടുക്കണം, അവരുടെ ഭ്രാന്തുകളെ അറിയണം. അതാണ് Rorschach. Inkblots ലൂടെ ചിന്തകളെ തരം തിരിക്കുന്ന ചികിത്സയെ ഒരു സിനിമ ആക്കി മാറ്റുകയാണ് സംവിധായകൻ ഇവിടെ. കഥാപാത്രങ്ങൾക്ക് അടുത്ത് നോക്കുംതോറും അവരുടെ രൂപങ്ങൾ മാറി മാറി വരും, ചിലർ നമ്മുക്ക് മുന്നിൽ ചോദ്യങ്ങൾ ആവും, ചിലർ ഉത്തരങ്ങളും, എന്നാൽ ചിലരൊക്കെയും പിടി തരാത്തങ്ങനെ പരിഹാസചിരിയുമായി ഇരുട്ടിൽ ഒളിക്കുകയാണ്. കണ്ട് പഴകിയ പ്രതികാരം അല്ല ഇവിടുത്തെ പ്രാമുഖ്യം. തുടക്കം മുതൽ വായിച്ചെടുത്ത ആ കഥയെക്കാൾ ഒടുക്കം വരെയും ഒളിഞ്ഞിരിക്കുന്ന കഥാപാത്രങ്ങളുടെ ചിന്തകൾ ആണ് വേട്ട ആടുന്നത്. ഭ്രാന്തന്റെ ചിന്തകൾ കാണുന്നത് പോലെ ഒരു hangover സമ്മാനിച്ചു Rorschach കറുപ്പ് പൂർണമായും പടർന്നു അവസാനിക്കുന്നു. സിനിമയിലെ പരീക്ഷണങ്ങൾക്ക് ചേർക്കപ്പെടുന്ന മറ്റൊരു അധ്യായം കൂടി.